കേരളത്തിന്റെ പച്ചപ്പ് നമ്മുടെ ഏറ്റവും വലിയ
അഭിമാനവും അഹങ്കാരവുമാണ് . പക്ഷെ കാശ്മീര്‍ ഹിമഗിരികളുടെ ധവളിമ നമ്മെ
അമ്പരപ്പിക്കും.വശ്യമാണ് കാശ്മീരിന്റെ സൌന്ദര്യം. നോക്കെത്താ ദുരത്തോളം പരന്നു
കിടക്കുന്ന മഞ്ഞു മലകള്‍.ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍. ഹൃദയഹാരിയായ കുങ്കുമ
പാടങ്ങള്‍, ദേവതാരുവും ആപ്പിളും, ആപ്രിക്കൊട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍ , ഭീതിതമായ
കൊക്കകള്‍ക്ക് മുകളിലൂടെ അഭ്യാസം നടത്തുന്ന ട്രക്കുകള്‍- കാശ്മീര്‍ ആരെയും
വശീകരിക്കും
ഹിമാവനെ ഒന്ന് തൊടണം. പണ്ടേ ഉള്ള മോഹമാണ്, സ്വപ്നതീരം ഒരുക്കിയ യാത്രയിലുടെ സഫലമാകുന്നത്. പോരാത്തതിനു കൂട്ടായി, ലോകസഞ്ചാരി സഹദേവനും റിട്ടയര്‍ ചെയ്ത ദിവസം തന്നെ യാത്ര പുറപ്പെട്ട തങ്കച്ചനും കുടുംബവും, മധുവും മറ്റ് സുഹൃത്തുക്കളും .
മൂന്നു ദിവസത്തെ തീവണ്ടി യാത്ര ദുരിത പുര്‍ണ്ണമായിരുന്നു. മംഗള എക്സ്പ്രസ്സ് നമ്മുടെ ഭരണാധി കാരികളുടെ കേരളത്തോടുള്ള അവഗണനയുടെ സാക്ഷ്യപത്രം .രണ്ടു രാത്രി കവര്‍ന്നെടുത്ത ആ യന്ത്ര ഭീമനോട് യാത്ര പറഞ്ഞു നിസാമുദ്ദിന്‍ വിട്ടപ്പോള്‍ ദല്‍ഹി പഴയ സൌഹൃതത്തോടെ ക്ഷണിച്ചു. പക്ഷെ രക്ഷയില്ല- വൈകുന്നേരം പഴയ ദല്‍ഹി യില്‍ നിന്നും ഉധംപൂരിലേക്കുള്ള തീവണ്ടി കാത്തിരിക്കുന്നു .
ജമ്മു മെയിലിലെ യാത്ര രാജകീയം. കൂടെ കയറിയ കാശ്മീര്‍ കമിതാക്കള്‍ പ്രണയ ചേഷ്ടകള്‍ ദേശ കാല ഭേദമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഉത്തുംഗഗിരിനിരകള്‍ കാവല്‍ നില്‍ക്കുന്ന ഉധംപൂര്‍ ജമ്മുവില്‍നിന്നും നാല്‍പ്പതു കിലോമീറ്റര്‍ അകലെ ആണ് . തീവണ്ടിപാത ഇവിടെ അവസാനിക്കുന്നു . ഇനി റോഡുമാര്‍ഗം 250 കിലോമീറ്റര്‍ പോയാല്‍ ശ്രീനഗറിലെത്താം.
പണ്ടൊരു രാജകുമാരി സ്ഥിരമായി നിരാടാറുള്ള ഒരു തടാകം കൊണ്ട് പ്രസിദ്ധമായ പത്നി ടോപ് ശ്രീനഗര്‍ ഹൈവേ യിലെ ഒരു ഇടത്താവളം ആണ് .ചെങ്കുത്തായ മലനിരകള്‍ കയറിയിറങ്ങുന്ന പാത പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .ട്രാഫിക് പ്രവചനാ തീതം .ഏതു നിമിഷവും ഒരു ഭാഗത്തേക്ക് ഗതാഗതം നിര്‍ത്തിവെക്കും .ഊട്ടിയെക്കാളും മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ .നല്ല നിലവാരമുള്ള ഹോട്ടലുകള്‍. ദേവതാരു തണല്‍ വിരിക്കുന്ന വഴിത്താരകള്‍ തണുപ്പിന്റെ സുഖകരമായ അന്തരീക്ഷം ദൂരെ മഞ്ഞ ണി ഞ്ഞ ഹിമവാന്റെ മനോജ്ഞ ദൃശ്യം
രാവിലെ വീണ്ടും യാത്ര. പഹല്‍ഗാം എന്ന അമര്‍നാഥ് യാത്ര ആരംഭിക്കുന്ന ഒരു ടുറിസ്റ്റ് കേന്ദ്രത്തിലെക്കാണ്. പണ്ട് ഇവിടെ വെച്ചാണ് 25 ഓളം അമര്‍നാഥ് യാത്രികര്‍ ഭീകരരുടെ ബോംബേറില്‍ മരണം വരിച്ചത് . പഹല്‍ഗാം കൊലോഹോയ് മഞ്ഞുമല ഉള്‍ക്കൊള്ളുന്ന ഹിമഗിരി ശ്രുഗങ്ങള്‍ അതിരിട്ട മനോഹരമായ ഒരു മഞ്ഞുകാല വിനോദ കേന്ദ്രമാണ് . മഞ്ഞുകാലത്ത് ആള്‍ പാര്‍പ്പില്ലാത്ത ഇവിടം സീസണ്‍ ആരംഭിക്കുതോടെ വര്‍ദിച്ച തോതിലുള്ള വിനോദ സഞ്ചാരികളെ കൊണ്ട് നിറയുന്നു . ഐസ് സ്കേറ്റിംഗ്, കുതിരസവാരി എന്നിവയ്ക്ക് ആളെക്കൂട്ടാന്‍ തദേശിയരായ ടൂറിസ്റ്റ് ഗൈഡുകള്‍ മത്സരിക്കും. കശ്മീരിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇവരുടെ ശല്ല്യം ഉണ്ട്. ഇവരോട് പറഞ്ഞു നില്‍ക്കണമെങ്കില്‍ നല്ല ക്ഷമ വേണം . മഞ്ഞില്‍ നടക്കാന്‍ പാകത്തിലുള്ള ഷുസും രോമ കുപ്പായങ്ങളും ഇവിടെ വാടകയ്ക്ക് കിട്ടും . അതിനും വലിയ വിലപേശല്‍ വേണം. കുട്ടികള്‍ പിച്ച വെക്കും പോലെ മഞ്ഞില്‍ കൂടി നടന്നു തുടങ്ങി എല്ലാവരും . ഒരു വഴക്കം കിട്ടിയപ്പോള്‍ നല്ല സുഖം. നല്ല ഐസ്ക്രിം പരുവത്തിലുള്ള കിടിലന്‍ മഞ്ഞു പരന്നു കിടക്കുകയാണ് എല്ലായിടവും. കുട്ടികള്‍ മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നുണ്ട് .ഏതോ പരസ്യത്തിലെ രംഗം ഉള്‍ക്കൊണ്ട് മധുവിധു ആഘോഷിക്കാനെത്തിയ മിഥുനങ്ങള്‍ മഞ്ഞില്‍ പുതഞ്ഞു കൊണ്ട് അന്യോന്യം പുണര്‍ന്നു
ശ്രീനഗറിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടിയിരുന്നു വെള്ളപ്പൊക്കം തുടര്‍ക്കഥയായപ്പോള്‍ തകര്‍ന്നു തരിപ്പണമായ റോഡു ശരിക്കും യാത്ര കഠിനമാക്കി
സോനമാര്ഗ് ആണ് കശ്മീരിലെ യാത്രികന്റെ സുവര്‍ണ കാഴ്ച . പഹല്‍ ഗാമിലെപ്പോലെ മഞ്ഞുമലകള്‍ തന്നെയാണ് ഇവിടെയും. പക്ഷെ മഞ്ഞുമലകള്‍ കിലോമീറ്റര്‍ പരന്നു കിടക്കുകയാണ്. മഞ്ഞില്‍ വെട്ടിയുണ്ടാക്കിയ പാതയിലൂടെ ചെറു വാഹനങ്ങളില്‍ സ്വപ്നസദൃശ്യമായ വീഥികളിലൂടെ യാത്ര ചെയ്യാം. പക്ഷെ ഇവിടെ ശരിക്കും യാത്ര ചെയ്യേണ്ടത് കുതിരപ്പുറത്താണ്. കുതിര നിങ്ങളെ പ്രധാന സ്ഥലങ്ങളൊക്കെ കൊണ്ടു കാണിക്കും. കൂടെ എല്ലായ്പ്പോഴും കുതിരക്കാരനുണ്ടാവില്ല. അഞ്ജാതമായ മഞ്ഞുമലകള്‍ താണ്ടി കുതിര നടക്കും. ചിലപ്പോള്‍ കൂടെയുള്ള ആരെയും കണ്ടെന്നു വരില്ല. കുതിരയുടെ ഭാഷ വശമില്ലാത്തതിനാല്‍ കുതിര നിങ്ങളുടെ യാത്രാപഥം തീരുമാനിക്കും . ഒരു സ്വപ്നാടകനെ പോലെ അറ്റം കാണാത്ത മഞ്ഞു മലകളിലൂടെ സവാരി ചെയ്യാം . മഞ്ഞുരുകിയുണ്ടായ കൊച്ചരുവികള്‍ ഇടയ്ക്ക് കാണാം . പാക്കിസ്ഥാന്‍ അതിര്‍ത്തി ഇവിടെ വളരെ അടുത്ത് . പക്ഷെ ഭീതി വേണ്ട . ഈ മഞ്ഞു മല താണ്ടി ആര്‍ക്കും കടന്നു വരാനാവില്ല
അത്രയൊന്നും സഹസികരല്ലാത്തവര്‍ക്ക് മറ്റു പല വിനോദ പരിപാടികളും ഉണ്ട്. ഐസ് സ്കൂട്ടര്‍ വലിയ വാടകയാണെങ്കിലും സുരക്ഷിതമാണ്. സ്ലെട്ജുകള്‍ വലിയ ഇറക്കങ്ങള്‍ അനായാസമായി താണ്ടാന്‍ സഹായിക്കും . മുന്നില്‍ വണ്ടിക്കാരന്‍ ഇരിക്കും എന്ന അസൌകര്യം ഉണ്ട് . ഇതൊന്നു മില്ലാതെയും വലിയ ഇറക്കങ്ങള്‍ താണ്ടാം എന്നും ഞാന്‍ കണ്ടെത്തി. മുകളില്‍ ഇരുന്നു നിരങ്ങിയാല്‍ എളുപ്പം താഴെ എത്താം. പക്ഷെ താഴെ പിടിക്കാന്‍ ആളുണ്ടാവണം .വലിയ ഒരിറക്കത്തില്‍ ഇതുപോലെ നിരങ്ങി യിറങ്ങിയ രമേശന്‍ അവസാന ലാപ്പില്‍ തലകുത്തി മറിഞ്ഞു വീഴുന്നതും കാണേണ്ടി വന്നു.
ലോകത്തിലെ തന്നെ ഏറ്റവും നല്ല ഐസ് സ്കേറ്റിംഗ് മലകള്‍ ഗുല്‍മാര്‍ഗില്‍ ആണ് . ഇവിടെ ഉയരം 13,000 അടിക്കു മുകളിലാണ് . മുകളിലെത്താന്‍ ഗോണ്ടോള എന്ന കേബിള്‍ കാര്‍ ഉണ്ട് .800 രൂപയാണ് ചാര്‍ജ് . അതി മനോഹരമാണ് ആ യാത്ര . ഉച്ചിയില്‍ ചിലവര്‍ക്ക് ശ്വാസ തടസ്സം വരും . ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യന്‍ വേനലില്‍ നിന്നും രക്ഷ തേടി ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടെ എത്തുന്നത് .മനസ്സും ശരീരവും തണുപ്പിച്ചു വൈകുന്നേരത്തോടെ ആളുകള്‍ മടങ്ങും . ഇവിടെ കിലോ മീറ്ററുകളോളം മഞ്ഞില്‍ നടക്കാം . ഇടയ്ക്ക് മഞ്ഞില്‍ കെട്ടിയുണ്ടാക്കിയ പന്തലുകളില്‍ ഭക്ഷണവും മറ്റ് പാനീയങ്ങളും കിട്ടും.
ദാല്‍ തടാകം സഞ്ചാരികളെ വശീകരിക്കും . ശ്രീ നഗരിനു ചുറ്റും പരന്നു കിടക്കുകയാണ് ദാല്‍ . അതൊരു ലോകമാണ് . തടാകത്തില്‍ തന്നെ കെട്ടിയുണ്ടാക്കിയ വീടുകളില്‍ പാര്‍ക്കുന്നവര്‍, ഒഴുകി നടക്കുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ .ശിക്കാര എന്ന് വിളിപ്പേരുള്ള വള്ളങ്ങളില്‍ അലസ ഗമനം നടത്തുന്ന സഞ്ചാരികള്‍ . ദൂരെ മഞ്ഞുമലകള്‍, കുന്നിന്‍ മുകളിലെ ശങ്കരാചാര്യരുടെ ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം –കശ്മീരിന്റെ ഐക്കണ്‍ ആണ് ദാല്‍ തടാകം.
No comments:
Post a Comment