Tuesday, February 3, 2015

ഓപ്പണ്‍ ഫ്രെയിം ചലച്ചിത്രോത്സവം -വേറിട്ട ഒരു അനുഭവം





          കഴിഞ്ഞാഴ്ച പയ്യന്നൂരില്‍ ഒരു നൂതന പരീക്ഷണം നടന്നു . ഓപ്പണ്‍ ഫ്രെയിം ഫിലിം സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള. ഇക്കാലത്ത് ചലച്ചിത്രമേള നടത്തുക എന്നത് വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരെ ഉദ്ദേശിച്ച്, മലയാളത്തില്‍ സംഭാഷണ കുറിപ്പുകളോടെ,നാല് ദിവസങ്ങളിലായി, ഇരുപതോളം ഏറ്റവും പുതിയ  ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു സമ്പൂര്‍ണ മേള കേരളത്തില്‍ ആദ്യമായിട്ടാണ് . സംഭവം അതുകൊണ്ട് തന്നെ ഗംഭീരമായി . ഫെസ്റ്റിവല്‍ അരങ്ങേറിയ സുമംഗലി തിയറ്ററില്‍  കുറെ കാലത്തിനു ശേഷം കസേരകള്‍ നിറഞ്ഞു.

            ബുദ്ധിജീവികളുടെ മാത്രം കുത്തകയായ ഫെസ്റ്റിവല്‍ അങ്ങിനെ തനി നാടനായി. നേരത്തെ ബുദ്ധിജീവി ജാടയില്‍    മാറിനിന്ന ഒട്ടനവധി പേര്‍ പുതിയ സിനിമയുടെ മാറിയ മുഖം കണ്ട് കൈയടിച്ചു. ധീരമായി, സിനിമയ്ക്ക് നല്ല ഭാവിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈപുല്ല്യം കണ്ട്  അമ്പരന്നു. മലയാളത്തിലെ  ന്യൂജെന്‍ കപടമാണെന്ന് തിരിച്ചറിഞ്ഞു. ഭാഷ പ്രശ്നമാവാതെ ലോകത്തിലെ എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ സമാനമാണെന്ന് തിരിച്ചറിഞ്ഞു.


                   സബ് ടൈറ്റില്‍ മലയാളത്തില്‍ ആക്കുന്നത് എന്തോ ആറ്റം ബോംബുനിര്‍മ്മാണം പോലെ ബുദ്ധിമുട്ടുള്ള സാങ്കേതിക പ്രശ്നമാണെന്നും  ഇംഗ്ലീഷ് അറിയാത്ത സാദാ ജനം ഫെസ്റ്റിവല്‍ പത്രത്തില്‍ കണ്ടാല്‍ മതി എന്നും വിധിയെഴുതിയ  ആസ്ഥാന ബുദ്ധിജീവികളുടെ പറച്ചില്‍ വ്യാജമാണെന്ന് തെളിയിക്കാനായി എന്നതാണ് ഫെസ്റ്റിവലിന്റെ  ഏറ്റവും വലിയ വിജയം.

                കെനിയയിലെ സ്വാതന്ത്ര സമര സേനാനി, 84വയസ്സുള്ള കിമാമി മരുഗെ,സര്‍ക്കാരിന്റെ എല്ലാവര്‍ക്കും  പൊതുവിദ്യാഭ്യാസം എന്ന പ്രഖ്യാപനത്തെ തുടര്‍ന്നു പഠിക്കാന്‍ സ്കൂളില്‍ എത്തുന്നതും തുടര്‍ന്നുള്ള നാടകീയ സംഭവങ്ങളും തമാശയില്‍ ചാലിച്ചു, ജസ്റ്റിന്‍ ചാട്വിക് അവതരിപ്പിക്കുന്ന കെനിയന്‍ ചിത്രം മേളയിലെ ഒന്നാന്തരം ചിത്രമായി.ദി എഡ്ജ് ഓഫ് ഹെവന്‍ എന്ന ചിത്രം മനോഹരമായിരുന്നു. ജര്‍മനിയിലും തുര്‍ക്കിയിലും വെച്ച് ‍ചിത്രികരിച്ച ഈ സിനുമ സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും ആത്യന്തികമായി വിജയിക്കുന്നു എന്ന സന്ദേശം നല്‍കുന്നു. ആറു കഥാപാത്രങ്ങളെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കോര്‍ത്തിണക്കുന്ന കഥാതന്തു അത്ഭുതകരമാണ് .

ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലെ സന്നിഗ്ദ്ധതകള്‍ വളരെ ഹൃദയസ്പ്രുക്കായി അവതരിപ്പിക്കുന്ന കമലെശ്വര്‍ മുഖര്‍ജിയുടെ മേഘെ ധാഖ താര ഒരു വേറിട്ട ചലച്ചിത്രാനുഭവമായി. മറക്കാനും പൊറുക്കാനും ഉള്ള മനുഷ്യരുടെ കഴിവ് പുതിയ സാദ്ധ്യതകള്‍ ജീവിതത്തില്‍ തുറന്നിടും എന്ന സന്ദേശം നല്‍കുന്ന ഒരു ചിത്രമായിരുന്നു, ആദ്യകാല അമേരിക്കന്‍ കുടിയേറ്റത്തിന്റെ കഥ പറയുന്ന ദി ഇമിഗ്രന്റ് .വംശീയ വിദ്വേഷത്തിന്റെ കഥ പറയുന്ന ഒമര്‍, സംശയത്തിന്റെയും വിദ്വേഷത്തിന്റെയും പുകമറകളെ സൌഹൃതം കൊണ്ട് കീഴടക്കുന്ന സ്വീഡനില്‍നിന്നുള്ള ഹണ്ട് ,കിം കി ടുക്കിന്റെ തീവ്രമായ അക്രമോത്സുകതയും ലൈംഗികതയും മുഴച്ചു നില്‍ക്കുന്ന വണ്‍ ഓണ്‍ വണ്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ക്ലാസ്സിക്കുകളായ റാഷമോണ്‍, നൈറ്റ്‌ ആന്‍ഡ്‌ ഫോഗ്,ദി ജനറല്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ പഴയ ഫിലിം സൊസൈറ്റി കാലത്തെ ഓര്‍മിപ്പിച്ചു.

നാലു ദിവസങ്ങളിലും നടത്തിയ ഓപ്പണ്‍ ഫോറങ്ങളും സജീവമായി . പുതിയ ഒരു ചലച്ചിത്ര സംസ്കാരത്തിന്റെ തുടിപ്പുകള്‍ എങ്ങും കാണാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം 

     


No comments:

Post a Comment