Thursday, June 11, 2015

മാമ്പഴക്കാലം




    ഇത്രയും സമൃദ്ധമായ ഒരു മാമ്പഴക്കാലം അടുത്തൊന്നും ഉണ്ടായതായി ഓര്‍മയിലില്ല. പറമ്പുകളില്‍ അനാഥമായിക്കിടക്കുന്ന മാമ്പഴം ആരുടെയും കണ്ണു നനയ്ക്കും. ഫ്രുട്ടിയും നാനാജാതി ഐസ് ക്രീമുകളും അരങ്ങുവാഴുന്ന കാലത്ത് ഒരു പരസ്യ വാചകം പോലും കൂട്ടിനു ഇല്ലാത്ത മാങ്ങയെ ആര്‍ക്കു വേണം?

    സ്കൂള്‍ ഓര്‍മ്മ പല മാമ്പഴ ഓര്‍മകളുമായി കൂട്ടു പിണഞ്ഞ് കിടക്കുകയാണ്. വേനലവധി വന്നാല്‍ എല്ലാവരും പുലരും മുമ്പ് തന്നെ മാഞ്ചോട്ടിലെത്തും. ഇന്ന് അന്യം നിന്നു പോയ,വാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കടുക്കാച്ചിമാവുകള്‍ അന്ന് ഗ്രാമത്തില്‍ സുലഭം. ആയിരക്കണക്കിനു അമൃത കുംഭങ്ങള്‍ ഒളിപ്പിച്ചുവെച്ച മഹാശാഖികള്‍ കാറ്റിലാടുമ്പോള്‍ ചിതറിത്തെറിക്കുന്ന കൊച്ചു ഫലങ്ങള്‍ കൈവശപ്പെടുത്താനുള്ള മത്സരമായിരുന്നു എങ്ങും. മേടച്ചുടിനെ തടുത്തു നിര്‍ത്തി നട്ടുച്ചക്ക് പോലും പലജാതി കളികളും കളിയ്ക്കാന്‍ വൃക്ഷ മുത്തച്ചി കുടചൂടിതന്നു . പല സൌഹൃദങ്ങളും മൊട്ടിടാന്‍ വിത്തുപാകി. നിറയെ കായ്ച് നില്‍ക്കുന്ന മാവ് ഒരു കാഴ്ചതന്നെയാണ് .   മഞ്ഞയും ചുവപ്പും കലര്‍ന്ന പല വര്‍ണങ്ങളില്‍ അവയങ്ങിനെ കാറ്റില്‍ എല്ലാവരെയും കൊതിപ്പിച്ചു നൃത്തം ചെയ്യും.  
  

   ഒരു കഷണം കല്ലോ, നല്ല ഒരു കൊയ്യയോ ഉണ്ടെങ്കില്‍ എത്ര മുകളിലുള്ള മാങ്ങയും എറിഞ്ഞിടാന്‍ തക്ക നോട്ടം ഉള്ളവര്‍ അന്ന് ധാരാളം.അസമര്‍ഥരുടെ കല്ലും കൊയ്യയും ചെന്ന് വീഴുക അടുത്ത വീട്ടിന്റെ  പുരപ്പുറത്താകും. വീടുകള്‍ ഓടു മേഞ്ഞതാകയാല്‍ ഓടു പൊട്ടും.നല്ല ചീത്ത റൊക്കം കിട്ടും . ബാക്കി പലിശയും ചേര്‍ത്ത് വീട്ടില്‍ ചെന്നാല്‍ കിട്ടും. അതുകൊണ്ട് അസുഖം മാറുകയൊന്നുമില്ല. അത് മാറണമെങ്കില്‍ മാമ്പഴക്കാലം കഴിയണം.

   എന്തൊക്കെയിനം മാങ്ങകള്‍ ആയിരുന്നു അന്ന്. വായില്‍ അലിഞ്ഞിറങ്ങുന്ന കുഞ്ഞിമംഗലം മാങ്ങ, കട്ടി മധുരം ഉള്ള വെല്ലത്താന്‍, പച്ചയും മധുരിക്കുന്ന പച്ചമധുരന്‍, തൊലിയടക്കം തിന്നുന്ന കപ്പക്കായി, പുളിയന്‍, ചേരിയന്‍, ഗോമാങ്ങ , അത്യപൂര്‍വമായ ഒട്ടുമാങ്ങ. കടുത്ത ദാരിദ്രം അരങ്ങുവാണ നാളുകളില്‍ മാങ്ങയും അടുത്ത കുട്ടുകാരനായ ചക്കയും ആണ് വിശപ്പിനെ ഒട്ടെങ്കിലും നേരിടാന്‍ പ്രപ്തമാക്കിയത്. 


     ഇന്ന് നമുക്ക് നല്ല പാക്കറ്റില്‍ വലിയ വില കൊടുത്താല്‍ കിട്ടുന്ന വിഷം ചേര്‍ത്ത ഫ്രൂട്ടി ഗുണത്തിലും രുചിയിലും മണത്തിലും ഒരു കടുക്കാച്ചി മാങ്ങയുടെ അടുത്തൊന്നും വരില്ല തീര്‍ച്ച.വളരെ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ മാവ് വംശ നാശ ഭീഷണി നേരിടുന്ന, കടലില്‍ ചെന്ന് മീന്‍ പിടിക്കുന്ന, നമ്മെയൊക്കെ ഒരുകാലത്ത് പള്ളിയുണര്‍ത്തിയ മരീത്തലച്ചി (white bellied sea eagle) എന്ന പരുന്തിന്റെ അവാസകേന്ദ്രവും ആയിരുന്നു .പക്ഷെ ഇന്ന് കടുക്കാച്ചി അത്യപൂര്‍വ്വമായേ ഉള്ളു. ഗ്രാമത്തില്‍ ഇനി ബാക്കിയുള്ളത് കാരണ്ട വളപ്പില്‍  മാത്രമാണ്. 

ഈ മാവിനെ നമുക്കൊന്നു പ്രോമോട്ടു ചെയ്യാന്‍ ഇനി പരസ്യം തന്നെ വേണ്ടിവരുമോ? 

No comments:

Post a Comment