കേരളത്തിൽ എവിടെയും ചെറുശ്ശേരിയുടെ പേരിൽ കോളേജില്ല . പക്ഷേ പയ്യന്നൂരിൽ 1983 ൽ ചെറുശ്ശേരിയുടെ പേരിൽ ഒരു കോളേജ് ആരംഭിക്കുകയുണ്ടായി.
പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഒൻപത് ചെറുപ്പക്കാർ കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന കെ കെ കരുണാകരൻ മാഷുടെ ഉത്സാഹത്തിൽ, സ്കന്ദദാസ സമാജത്തിന്റെ, അമ്പലത്തിനടുത്തുള്ള, മുണ്ടൂമ്മൽ സ്കൂൾ എന്ന് വിളിപ്പേരുള്ള സംസ്കൃതം സ്കൂളിൽ ഒരു പുതിയ സ്ഥാപനം ആരംഭിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ക്വിറ്റിന്ത്യ സമരത്തിൽ സ്കൂളിലെ അധ്യാപകർ പങ്കെടുത്തു എന്ന കാരണത്താൽ ബ്രിട്ടീഷ് സർക്കാരിൻ്റെ അംഗീകാരം നഷ്ടപ്പെട്ട ഒരു സംസ്കൃത വിദ്യാലയം ആയിരുന്നു മുണ്ടുമ്മൽ സ്കൂൾ. പിന്നീട് കാലത്തിൻ്റെ കൈത്തെറ്റ് പോലെ, വീടുകളിൽ കക്കൂസ് ഇല്ലായിരുന്ന അക്കാലത്ത്, പയ്യന്നൂർ പഞ്ചായത്തിന്റെ 4 കക്കൂസ് മുറികൾ സ്കൂൾ വളപ്പിൽ സ്ഥാപിക്കപ്പെട്ടു. ഗ്രാമവാസികൾ പ്രഭാത കർമ്മങ്ങൾ നിർവഹിക്കുവാൻ മഹത്തായ ആ സ്ഥാപനത്തിലെ കിണർ ഉപയോഗിച്ചു. രാവും പകലും കിണറിലെ കപ്പിക്ക് വിശ്രമനുണ്ടായില്ല . ഗ്രാമോദയ ഖാദി സംഘത്തിൻറെ ഒരു കാർപെൻഡറി യൂണിറ്റ് ദീർഘകാലം അവിടെ പ്രവർത്തിച്ചു പോന്നു. സ്കന്ദ റെസിഡൻസി എന്ന മനോഹര സ്ഥാപനം ആണ് ഇപ്പോളവിടെ.
ശൂന്യതയിൽ നിന്ന് ഒരു കോളേജ് ഉണ്ടാക്കിയെടുക്കുക എന്നത് അന്നത്തെ കാലത്ത് ദുഷ്കരമായിരുന്നു. കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള
തുറ എന്ന് പേരുള്ള വിശാലമായ പാടശേഖരത്തിൽ നിന്നും സമൃദ്ധമായി അടിച്ചുവരുന്ന കുളിർകാറ്റ് അല്ലാതെ സ്കൂളിനകത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കോളേജ് തുടങ്ങണമെങ്കിൽ ബെഞ്ചും ഡസ്കും വേണം, ബ്ലാക്ക് ബോർഡുകൾ വേണം, മറ്റ് സംവിധാനങ്ങൾ ഒരുക്കണം.
പത്തുപേർ 100 രൂപ വീതം ഷെയർ എടുത്തുണ്ടാക്കിയ ആയിരം രൂപയാണ് മൊത്തം മൂലധനം.
അത്യാവശ്യത്തിനുള്ള ബാക്കി പണം ബ്ലേഡ് പലിശക്ക് സ്വരൂപിക്കേണ്ടി വന്നു. ആദ്യകാലത്ത് ബഹുവിധ ബാലാരിഷ്ടതകളാണ് സ്ഥാപനത്തിന് വന്നുചേർന്നത്. എങ്കിലും കഷ്ടതകളിൽ തളരാതെ സ്ഥാപനത്തെ നേർ ദിശയിൽ നയിക്കാൻ ശമ്പളം ഒന്നും കൈപ്പറ്റാതെ ചെറുപ്പക്കാരായ അധ്യാപകർ കിണഞ്ഞു ശ്രമിച്ചു. ഇന്ന് ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന കെ യു മോഹനൻ, പയ്യന്നൂർ കോളേജിൽ നിന്നും വിരമിച്ച എം രാജീവൻ, റിട്ടയേർഡ് ബിഡിഒ യു.കെ സുരേന്ദ്രൻ, സർവീസ് ബാങ്കിൽ നിന്നും വിരമിച്ച കെ.യു ശശി, പറ്റാത്തടത്തിൽ മുരളി,
ഹെഡ്മിസ്ട്രസ് ആയി വിരമിച്ച ശശികല, സർക്കാർ സർവീസിൽ നിന്നും വിരമിച്ച ചന്ദ്രിക,പിന്നെ ഞാൻ എന്നിവരായിരുന്നു ശമ്പളമില്ലാ അധ്യാപകർ. കൂടാതെ
പ്രസിദ്ധ നിരൂപകനായ ഇ പി രാജഗോപാലൻ, ഹൈദരാബാദിലുള്ള കവിയും വിവർത്തകനുമായ സി എം രാജൻ, ഇപ്പോഴത്തെ പൂരക്കളി അക്കാദമി ചെയർമാൻ സി എച്ച് സുരേന്ദ്രൻ നമ്പ്യാർ,അനുജൻ സി എച് മോഹനൻ, കുറുന്തിൽ രാജൻ ഇഡ്അഅവavടങ്ങിയവരും അധ്യാപകരായെത്തി.
മൈസൂരിലെ ഒരു കോളേജിൽ നിന്നും വിരമിച്ച യു ആർ പൊതുവാൾ ആയിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ.
പിന്നീട് പല കാലങ്ങളിലായി വിദ്വാൻ എ കെ കൃഷ്ണൻ മാസ്റ്റർ, കെ. വി. ചിണ്ടൻ മാസ്റ്റർ, വി. പി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരൊക്കെ
പ്രിൻസിപ്പൽമാരായി.
പുതിയ സ്ഥാപനത്തെ റെയിലിൽ കയറ്റണമെങ്കിൽ സ്ഥാപനം ആരംഭിച്ച വിവരം ജനം അറിയണം. അതിനായി ബോർഡുകൾ, പോസ്റ്ററുകൾ ഒക്കെ വേണം അതൊന്നും കാശുകൊടുത്ത് ചെയ്യാൻ നിർവാഹമില്ല. അതുകൊണ്ട് രാത്രികാലങ്ങളിൽ ഞങ്ങൾ തന്നെ ഓട്ടോ പിടിച്ചു പയ്യന്നൂരിന്റെ സമീപപ്രദേശങ്ങളിലൊക്കെ ബോർഡും,പശയും പോസ്റ്ററുമായി ഇറങ്ങി.
കഴുത്തറുപ്പൻ മത്സരം കോളേജുകൾ തമ്മിൽ നിലനിന്ന സമയത്തായിരുന്നു ചെറുശ്ശേരി കോളേജ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ പരസ്യ ബോർഡുകൾ ഞങ്ങൾ തയ്യാറാക്കി. സി എം രാജന്റെ A head ahead of others ഒക്കെ പരസ്യവാചകം ആയി ഉപയോഗിച്ചത് ഓർക്കുന്നു. വേണ്ടത്ര വെളിച്ചമില്ലാത്ത മാത്തിലെ ഒരു നിരപ്പലക പാകിയ കെട്ടിടത്തിന് മുന്നിൽ പതിപ്പിച്ച പോസ്റ്ററുകൾ വലിയ പൊല്ലാപ്പായി. ഇരുട്ടത്ത് ഒരു ട്യൂഷൻ സെന്ററിന്റെ നിരപ്പലകയിലാണ് പോസ്റ്ററുകൾ ഒട്ടിച്ചത്. കാലത്ത് അധ്യാപകർ വന്നപ്പോൾ കോളേജ് തുറക്കാൻ പറ്റാത്ത അവസ്ഥ വന്നു. അപമാനവും ദേഷ്യവും കൊണ്ട് വിറച്ച് കോളേജ് പ്രിൻസിപ്പൽ വൈകുന്നേരം പയ്യന്നൂർ ടൗണിൽ എത്തി, ചെറുശ്ശേരി കോളേജിന്റെ ആളുകളെ അന്വേഷിക്കുകയും കയ്യിൽ കിട്ടിയാൽ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പണിപ്പെട്ടാണ് ആളിനെ സമാധാനിപ്പിച്ചു വിട്ടത്.
പതുക്കെ കുട്ടികൾ വന്നു തുടങ്ങി.
ഒരു തേർഡ് ഗ്രൂപ്പ്, ഒരു ഫോർത്ത് ഗ്രൂപ്പ് എന്നിങ്ങനെ രണ്ടു റഗുലർ ബാച്ചുകൾ, പ്രീഡിഗ്രി ട്യൂഷൻ രണ്ട് ബാച്ചുകൾ, എസ്എസ്എൽസി ട്യൂഷൻ, പ്രീ ഡിഗ്രി നൈറ്റ് ബാച്ച് ഇത്രയും ക്ലാസുകൾ ആണ് ആദ്യം ആരംഭിച്ചത്. കൂടാതെ അന്ന് പലരും കാശുവാരിയിരുന്ന, തേർഡ് പ്രീഡിഗ്രി എന്ന് വിളിപ്പേരുള്ള പ്രീ ഡിഗ്രി തോറ്റ വിദ്യാർത്ഥികളെ സെപ്റ്റംബർ പരീക്ഷയ്ക്ക് സജ്ജരാക്കുന്ന മൂന്ന് മാസത്തെ കോഴ്സും.
സ്ഥാപനം പതുക്കെ വലുതായി വന്നു . വളർന്നു പന്തലിച്ചു. മാഷൻമാർ തരക്കേടില്ല എന്ന് ജനങ്ങളുടെ പെരുമാറ്റം സാക്ഷ്യപ്പെടുത്തി.
കോളേജിൽ സാഹിത്യ വിഷയങ്ങളിൽ ഉള്ള സെമിനാറുകൾ ഒക്കെ സംഘടിപ്പിച്ചു. ആദ്യത്തെ പരിപാടി
കാഫ്ക്കാ സിമ്പോസിയം ആയിരുന്നു. ടിപി സുകുമാരൻ മാഷ് ഉൾപ്പെടെ പ്രഗത്ഭരോക്കെ പരിപാടിയിൽ പങ്കെടുത്തു. പ്രചരണത്തിനും പിരിവിനുമായി പയ്യന്നൂർ കോളേജിൽ പോയപ്പോൾ നടന്ന ഒരു അനുഭവം മനസ്സിൽ മായാതെ കിടപ്പുണ്ട്. പരിപാടിയുടെ നോട്ടീസ് ഓഫീസിൽ വിതരണം ചെയ്തപ്പോൾ സംഭാവനയിൽ നിന്നും ഒഴിവാക്കാനോ അതോ നിഷ്കളങ്കമായോ ഒരാൾ കാഫ്കയുടെ ഫുൾ ഫോം പറയാൻ നിർബന്ധിച്ചു. എം ആർ സി നോട്ടീസ് കൈപ്പറ്റി ഒരക്ഷരം ഉരിയാടാതെ തിരിഞ്ഞു നടന്നു. അതൊരു പ്രതിഷേധം ആയിരുന്നു. നാട്ടിലുള്ള ബഷീറിനെയും, തകഴിയെയും വിട്ട് കാഫ്ക്കയെ കയറി പിടിച്ചതിന്.
അത് മനസ്സിലാക്കാനുള്ള വിവേകം അന്നുണ്ടായിരുന്നില്ല.
എങ്കിലും അടുത്ത സെമിനാർ
മലയാളത്തിലെ നൂതന വിമർശന ശാഖയെ കുറിചായിരുന്നു.
ഒരുപാട് അധ്യാപകർ ചെറുശ്ശേരി കോളേജിനെ ഒരു ചവിട്ടുപടിയാക്കി ഉയരങ്ങളിലേക്ക് കുതിച്ചു. കോളേജിനെ ഒരു എയ്ഡഡ് സ്ഥാപനമായി മാറ്റാനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടന്നു. കോഴിക്കോട് സർവ്വകലാശാലയിലെ ഒരു ടീം വന്ന് സൗകര്യങ്ങൾ പരിശോധിച്ചു. സർക്കാരിലേക്ക് ശുപാർശയും ചെയ്തു . അതിലപ്പുറം നീക്കാനുള്ള രാഷ്ട്രീയ പിൻബലം അക്കാലത്ത് കോളേജിന് ഉണ്ടായിരുന്നില്ല. അന്നത് സംഭവിച്ചിരുന്നെങ്കിൽ കേരളത്തിലെ തന്നെ ഒരു മികച്ച സ്ഥാപനമായി ചെറുശ്ശേരി കോളേജ് വളർന്നേനെ.
കോളേജ് ദിനങ്ങളിലെ സായാഹ്നങ്ങൾ അവിസ്മരണീയമായിരുന്നു.
കോളേജിന്റെ വടക്കു ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് ഒരു ബാഡ്മിൻ കോർട്ട് ഉണ്ടാക്കിയെടുക്കുകയും വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ചെറുശ്ശേരി കോളേജ് ബാഡ്മിന്റൺ ടീം കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിലും പല മത്സരങ്ങളിലും പങ്കെടുത്തത് ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ട്. സി എച്ച് മോഹനനും,ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ കെ.വി .വേണുഗോപാലും ആയിരുന്നു പ്രധാന കളിക്കാർ. അവിടുത്തെ കിണറിന്റെ ആൾമറയിൽ ഇരുന്നുനടത്തിയ സൗഹൃദ സംഭാഷണങ്ങൾ അവിസ്മരണീയം ആയിരുന്നു. കലയും രാഷ്ട്രീയവും സിനിമയും നാട്ടുകാര്യങ്ങളും ഒക്കെ ചർച്ച ചെയ്യപ്പെട്ടു. വലിയ ഒരു സംവാദ വേദി എല്ലാ ദിവസവും രൂപപ്പെട്ടു. പിന്നീട് ജീവിതത്തിൻറെ പല തുറസ്സു കളിലുംഎത്തിപ്പെട്ട പലർക്കും അതൊരു പരിശീലന കളരിയായി.
വെക്കേഷൻ കാലങ്ങളിൽ വൈകുന്നേരം ഒഴിഞ്ഞ പാട വരമ്പിലൂടെ കണ്ടങ്കാളിയിലുള്ള സി എച്ച് സുരേന്ദ്രൻ മാഷിൻറെ വീട്ടിലേക്ക് നടത്തിയ യാത്രകൾ വിജ്ഞാന യാത്രകളായി.
സുരേന്ദ്രൻ മാഷിന് ആരെയും അത്ഭുതപ്പെടുത്തുന്ന വിപുലമായ ഒരു ഗ്രന്ഥശേഖരം അന്നുണ്ട്. അവിടെവച്ചാണ് പ്രധാനപ്പെട്ട ഒട്ടേറെ കൃതികൾ പരിചയപ്പെടുന്നത്. അതുപോലെ ഷേക്സ്പിയറുടെ ട്രാജഡികൾ, ദസ്ഥയേവ്സ്കി, ടോൾസ്റ്റോയ് കസാൻസാക്കീസ് , മാർക്ക്വേസ് തുടങ്ങി മഹാരഥന്മാരുടെ കൃതികളെ പരിചയപ്പെടുന്നതും അവിടെ വെച്ചാണ്. പകരം പരിമിതമായ ഭൗതിക ജ്ഞാനം വെച്ച് അപേക്ഷകത സിദ്ധാന്തത്തെ കുറിച്ചൊക്കെ മാഷുടെ വീട്ടിൻറ പിന്നാമ്പുറത്ത് പഠനാവശ്യത്തിനായി മുള കൊണ്ട് കെട്ടിയുണ്ടാക്കിയ നിടുമ്പുരയിൽ എല്ലാവരും ഒത്തുകൂടി സംസാരിച്ചതും,കടമ്മനിട്ടയുടെയും,ചുള്ളിക്കാടിൻ്റെയും, അയ്യപ്പപ്പണിക്കരുടെയും കവിതകൾ ഉറക്കെ ചൊല്ലിയതും,വൈകി രാവേറെ ചെന്ന ശേഷം വീട്ടിലേക്ക് നിലാവിൽ വിശാലമായ വയലിലൂടെ നടന്നുവന്നതും ഒക്കെ സ്വപ്ന സദൃശ്യമായി മനസ്സിലുണ്ട്.
പൊതുവായി എല്ലാവർക്കും ഉണ്ടായിരുന്നത് സമൃദ്ധമായ ദാരിദ്ര്യം ആയിരുന്നു. മറ്റ് ജോലികളിലേക്ക് ചേക്കേറാൻ ഉള്ള അവസരങ്ങൾ പരമാവധി വിനിയോഗിച്ചു പോന്നു. അങ്ങനെയാണ് ഒരു ദിവസം പാലക്കാട് ചിന്മയ വിദ്യാലയത്തിൽ ഫിസിക്സ് അധ്യാപകരുടെ ഒഴിവുള്ളതായി പത്രത്തിൽ ഒരറിയിപ്പ് കണ്ടത്. ഫിസിക്സ് അധ്യാപകരായ സി എം രാജനും ഞാനും ഒരു കൈ നോക്കാൻ തുനിഞ്ഞിറങ്ങി. ഇൻ്റർവ്യൂ കെങ്കേമമായി. ജോലി ഉറപ്പായി. റെസിഡൻഷ്യൽ സ്കൂൾ ആണ്. ചിലവും കഴിച്ച് ശമ്പളം. പക്ഷേ അത് തീരെ തുച്ഛം. എല്ലാവരും
ചിന്മയനന്ദ സ്വാമിയുടെ തത്വം അനുസരിച്ച് ജോലി ചെയ്യണം. ഇന്റർവ്യൂ ബോർഡ് ആവശ്യപ്പെട്ടു. സംഗതി പാളി.ഏതായാലും തിരിച്ചു പോകാം. ബസ്സ് പിടിച്ച് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ബോധ്യമായത്. രണ്ടുപേരും വിചാരിച്ചത് ഇഷ്ടം പോലെ കാശ് മറ്റെയാളിൻ്റെ കയ്യിലുണ്ട് എന്നാണ്. പക്ഷേ കീശകൾ മറിച്ചിട്ടപ്പോൾ പയ്യന്നൂരിലേക്ക് എത്താനുള്ള തീവണ്ടി കാശ് തികയില്ല. സ്റ്റേഷന്റെ നോട്ടീസ് ബോർഡിൽ പതിപ്പിച്ച ടിക്കറ്റ് ചാർജ് നോക്കി. കഷ്ടിച്ച് തലശ്ശേരി വരെ ഉള്ള ടിക്കറ്റ് ഒരു വിധം ഒപ്പിക്കാം. അന്ന് തലശ്ശേരിയിൽ സി എം മോഹനൻ ഉണ്ട് . അവിടെ മഹാത്മാ കോളേജിൽ ക്ലാസെടുക്കുന്നു. തിരുവങ്ങാടുള്ള ഒരു ലോഡ്ജിൽ താമസം. തലശ്ശേരി ചെന്ന് മോഹനനെ കണ്ടു കാശു വാങ്ങി നാട്ടിലേക്ക് പോകാം. ഇതാണ് പ്ലാൻ. വെറും വയറ്റിൽ, ബാക്കിയായ ചില്ലറ പൈസ കൊടുത്ത് ദിനേശ് ബീഡി
വാങ്ങി വണ്ടിയിൽ കയറി. പാതിരാത്രി തലശ്ശേരിയിൽ ഇറങ്ങി. ഒരു അഞ്ചുമണി എങ്കിലും ആകട്ടെ, എന്നിട്ടാവാം മോഹനനെ ബുദ്ധിമുട്ടിക്കുന്നത്. അതുവരെ പ്ലാറ്റ്ഫോമിലെ ബെഞ്ചുകളിൽ കിടക്കാം. വിരി വെക്കാൻ തുടങ്ങിയപ്പോൾ കൊടിയും റാന്തലുമായി സ്റ്റേഷൻ മാസ്റ്റർ എത്തി. ടിക്കറ്റ് പരിശോധിച്ച ശേഷം ചോദിച്ചു "എന്താ പ്ലാൻ "
കാര്യം പറഞ്ഞു. ഞങ്ങൾ അധ്യാപകരാണ് പാലക്കാട് ഒരു ഇൻറർവ്യൂവിനു പോയി തിരിച്ചു വരുന്നു. ഇവിടെ മഹാത്മയിൽ സുഹൃത്ത് ഉണ്ട്. രാവിലെ കണ്ടിട്ട് പോണം. അതുവരെ ഇവിടെ വിശ്രമിക്കണം. സ്റ്റേഷൻ മാഷ് പറഞ്ഞു .
ഇവിടെ കിടക്കാൻ പറ്റില്ല കള്ളന്മാരുടെ ശല്യമുണ്ട്.
ഏറ്റവും വലിയ തമാശ കേട്ട പോലെ രാജൻ ചിരിച്ചു. മാഷ് പറഞ്ഞു "തമാശയല്ല ഇന്നലെ ഒരാളുടെ. സർവ്വസ്വവും അടിച്ചുപോയി".
മാഷ് ഞങ്ങൾക്ക് ഉയർന്ന യാത്രക്കാർക്കുള്ള മുറി തുറന്നു തന്നു. ഇവരുടെ കൈയിലെ സമ്പത്ത് കൊള്ളയടിക്കപ്പെടരുതല്ലോ.
രാവിലെ മോഹനെ കണ്ട ശേഷം ആണ് കുടിവെള്ളം കിട്ടിയത്.
കോളേജിലെ ചില ചെറുപ്പക്കാരായ അധ്യാപകരെങ്കിലും വന്നു ചേർന്ന വിദ്യാർഥിനികളിൽ നിന്ന് ഭാവി വധുക്കളെ കണ്ടെത്തി.
അവസാനം ശൂന്യതയിൽ നിന്നുണ്ടായ കോളേജ് ശൂന്യതയിൽ തന്നെ വിലയം പ്രാപിച്ചു. മോഹനൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഞാൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിലേക്കും സുരേന്ദ്രൻ സർക്കാർ ജോലിയിലേക്കും, പലരും പല വഴിക്ക് വിടപറഞ്ഞു പോയി. അവസാനം പട്ടണത്തിലേക്ക് കൂടുതൽ സാധ്യതകൾ തേടി കോളെജ് മാറ്റി. സുരേന്ദ്രൻ അടുത്തിലയുടെ അക്ഷര കോളേജിൽ വിലയം പ്രാപിച്ചു.അങ്ങിനെ ഒരധ്യായം അവസാനിച്ചു.